
പുരുഷന്മാർ താടി വളർത്താൻ പല കാരണങ്ങളുണ്ട്. പ്രണയ നൈരാശ്യം മൂലം താടി വളർത്തുന്നത് ഒരുകാലത്ത് ഒരു ആചാരമായിരുന്നു. ചിലർ എല്ലാ ദിവസവും ഷേവ് ചെയ്യാനുള്ള മടി കാരണം താടി വളർത്തും. മറ്റു ചിലർ നിനക്ക് താടി വളർത്തിയാൽ നല്ല ഭംഗിയായിരിക്കും എന്ന് ആരെങ്കിലും പറഞ്ഞതുകേട്ട് താടി വളർത്തുന്നവരാകും. എന്തോ, ഇഷ്ടമാണ് താടി വളർത്താൻ എന്ന ലൈൻ പിടിച്ച് താടിയെ പരിപാലിക്കുന്നവരും കുറവല്ല.
താടിയുള്ള പുരുഷന്മാർക്കാണോ അതോ ക്ലീൻ ഷേവ് പുരുഷന്മാർക്കാണോ കൂടുതൽ സൗന്ദര്യം? ഇന്ന് നമ്മൾ ചർച്ച ചെയ്യുന്ന വിഷയം ഇതല്ലെങ്കിലും കാലങ്ങളായി സ്ത്രീകളുടെ ഇടയിലെ ഒരു വലിയ ചർച്ചാവിഷയമാണിത്. ചില സ്ത്രീകൾ താടിയുള്ള പുരുഷന്മാരെ ഇഷ്ടപ്പെടുമ്പോൾ മറ്റു ചിലർ താടിയില്ലാത്ത പുരുഷന്മാരെയാണ് ഇഷ്ടപ്പെടുന്നത്. താടി കൊണ്ട് എന്തോ മറയ്ക്കാനുണ്ടെന്ന് കുറ്റപ്പെടുത്തുന്ന സ്ട്രെയിറ്റ് ഫോർവേഡ് പെണ്ണുങ്ങളും കുറവല്ല. പൊന്നുപോലെ താടിയെ പരിപാലിക്കുന്ന പുരുഷ കേസരികൾ ഈ ചർച്ചകളൊക്കെ അറിഞ്ഞാൽ എന്താകും പുകില് എന്ന് ആലോചിച്ചിട്ടുണ്ടോ?
ഇതിനിടെ, പുരുഷന്മാരോട് താടിവടിക്കാൻ ആവശ്യപ്പെട്ട് നമ്മുടെ നാട്ടിൽ യുവതികൾ തെരുവിലിറങ്ങിയ സംഭവവും ഉണ്ടായിട്ടുണ്ട്.
മധ്യപ്രദേശിലെ ഇൻഡോറിലാണ് ക്ലീൻ ഷേവ് പുരുഷന്മാരെ ആവശ്യപ്പെട്ട് യുവതികൾ തെരുവിൽ പ്രതിഷേധിച്ചത്. സംഭവം ദേശീയ തലത്തിൽ തന്നെ വലിയ വാർത്തയാകുകയും ചെയ്തിരുന്നു.
ക്ലീൻ ഷേവ് ചെയ്ത കാമുകന്മാരെ ആവശ്യപ്പെട്ട് യുവതികൾ റാലി നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. 'താടി മാറ്റൂ, സ്നേഹം സംരക്ഷിക്കൂ', 'താടി ഉപേക്ഷിക്കുക, അല്ലെങ്കിൽ നിങ്ങളുടെ കാമുകിയെ മറക്കുക', 'ക്ലീൻ ഷേവ് ഇല്ലെങ്കിൽ പ്രണയമില്ല', 'ഞങ്ങളുടെ ഹൃദയം താടിയില്ലാത്ത കാമുകന്മാരെ ആഗ്രഹിക്കുന്നു' എന്നിങ്ങനെ നിരവധിയായ താടി വിരുദ്ധ മുദ്രാവാക്യങ്ങളുമായാണ് യുവതികൾ തെരുവിലെത്തിയത്.
കോളേജ് വിദ്യാർഥികളെന്ന് തോന്നിക്കുന്ന പെൺകുട്ടികളാണ് ഇൻസ്റ്റാഗ്രാമിലും എക്സിലും പ്രചരിച്ച വീഡിയോയിലുണ്ടായിരുന്നത്. താടിയുപേക്ഷിക്കാൻ ആഹ്വാനം ചെയ്ത് ഇവർ നടത്തിയ പ്രതിഷേധത്തിന്റെ വീഡിയോ സൈബറിടങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ വലിയ ചർച്ചകളാണ് സൈബർ ലോകത്ത് നടന്നത്. പെൺകുട്ടികൾ തമാശയ്ക്ക് വേണ്ടി ചെയ്തതാ വീഡിയോ എന്ന് പറഞ്ഞ് താടിക്കാരന്മാർ ആശ്വാസം കണ്ടെത്തി. എന്നാൽ, ചിലർ ഇത് സീരിയസ് ഇഷ്യൂവാണെന്ന് അഭിപ്രായപ്പെട്ടു. മറ്റ് ചിലർ ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്നും അതല്ല, റീൽസിന് വേണ്ടി ചിത്രീകരിച്ചതാണെന്നും പറഞ്ഞു. എന്നാൽ ഇത് ഒരു ഗ്രൂമിങ് ഉത്പന്നത്തിന്റെ പരസ്യത്തിന്റെ ഭാഗമായി ചെയ്തതായിരുന്നുവെന്ന റിപ്പോർട്ടുകളും പിന്നീട് പുറത്തുവന്നിരുന്നു.
എന്നാൽ, നമ്മുടെ വിഷയം ഇതൊന്നുമല്ല, താടി പുരുഷന്മാരുടെ ആരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നത്? വാഷിംഗ്ടൺ പോസ്റ്റ് അടുത്തിടെ പുറത്തുവിട്ട ഒരു റിപ്പോർട്ട് താടിക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. പുരുഷന്മാരുടെ താടി ബാക്ടീരിയകളുടെ കൂടാരമാണ് എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ചില്ലറയും ചില്ല്വാനവും ബാക്ടീരികളല്ല കേട്ടോ. ടോയ്‌ലറ്റിലുള്ളതിനെക്കാൾ കൂടുതൽ ബാക്ടീരിയകൾ പുരുഷന്മാരുടെ താടിയിലുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. എന്നുവച്ചാൽ, ചില ആണുങ്ങളുടെ താടി ടോയ്ലറ്റിനെക്കാൾ മോശമാണെന്ന്! എന്താ കഥയല്ലേ? താടി വളർത്തിയ ആണുങ്ങളും താടിയെ പ്രേമിച്ച പെണ്ണുങ്ങളുമെല്ലാം ഞെട്ടുന്ന ഈ റിപ്പോർട്ടിൽ മറ്റു ചില കാര്യങ്ങളും വ്യക്തമാക്കുന്നുണ്ട്.
എന്തുകൊണ്ടാണ് പുരുഷന്മാരുടെ താടിയിൽ ടോയ്ലെറ്റിലുള്ളതിലും കൂടുതൽ ബാക്ടീരിയകൾ കുടി കൊള്ളുന്നത്. എങ്ങനെയാണ് ഇവ പുരുഷന്മാരുടെ താടിയിൽ എത്തുന്നത്? ഇത് പുരുഷന്മാരുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കും എന്നെല്ലാം റിപ്പോർട്ടിൽ വളരെ വിശദമായി തന്നെ പറയുന്നുണ്ട്.
പുരുഷന്മാരുടെ താടിയിൽ ഭക്ഷണ അവശിഷ്ടങ്ങളും എണ്ണയും അടിഞ്ഞുകൂടാൻ സാധ്യത കൂടുതലാണ്. ചൂടുള്ളതും പലപ്പോഴും ഈർപ്പമുള്ളതുമായ ഒരു അന്തരീക്ഷമാണ് ഈ താടികൾ സൃഷ്ടിക്കുന്നത്. ഇത് സൂക്ഷ്മ ജീവികൾക്ക് സുഖമായി കഴിഞ്ഞുകൂടാനുള്ള കാലാവസ്ഥയാണ്. ആഹാരം കഴിക്കുമ്പോൾ താടിയിൽ പറ്റിപ്പിടിക്കുന്ന അവശിഷ്ടങ്ങൾ പലപ്പോഴും പൂർണമായും വൃത്തിയാക്കാൻ കഴിയാറില്ല. പുതിയ മാലിന്യങ്ങളുമായും സൂക്ഷ്മാണുക്കളുമായും നിരന്തരം സമ്പർക്കം പുലർത്തുന്നതിനാൽ ഈ സൂക്ഷ്മാണുക്കൾക്ക് താടിക്കുള്ളിൽ നന്നായി വളരാൻ കഴിയുന്നു. മുഖരോമങ്ങൾ കഴുകിയതിന് ശേഷവും ബാക്ടീരിയകളും മറ്റും തുടരുന്ന സ്ഥിതിയുണ്ടെന്ന് മുൻകാല പഠനങ്ങളും തെളിയിച്ചിട്ടുണ്ട് കേട്ടോ.
ചുണങ്ങ് പോലുള്ള ചർമ്മ അണുബാധകൾക്കും താടി കാരണമാകുമത്രെ. അതുപോലെ തന്നെ പേനുകൾക്കുള്ള അടിപൊളി ആവാസ വ്യവസ്ഥയാണ് ഈ ഇടതൂർന്നു വളരുന്ന താടി.
താടിക്ക് താഴെയുള്ള ചർമ്മം വളരെ സെൻസിറ്റീവാണെന്ന് നിങ്ങൾക്കറിയാമല്ലോ. ഭക്ഷണ അവശിഷ്ടങ്ങളും എണ്ണമയവും ഇവിടെ അടിഞ്ഞുകൂടുന്നതോടെ ചർമത്തിൽ ഫംഗസ്, ബാക്ടീരിയ എന്നിവ വളരാൻ കാരണമാവുകയും ചെയ്യും. ചുരുക്കത്തിൽ, കീടാണുക്കളുടെ ഊട്ടിയാണ് മോനേ നിന്റെ താടിയെന്ന് ഇനി പെണ്ണുങ്ങൾക്ക് താടിക്കാരന്മാരുടെ മുഖത്തുനോക്കി പറയാം..
ഇതൊക്കെ കേൾക്കുമ്പോൾ താടിക്കാർ അതെല്ലാം സമ്മതിച്ചു തരണം എന്നില്ല. ഞങ്ങൾ വളരെ വൃത്തിയായി കഴുകി ഉണക്കി പരിപാലിക്കുന്നതാണ് ഈ താടിയെന്നാകും അവരുടെ വാദം. എന്നാൽ, അതിലൊന്നും ഒരു കാര്യവുമില്ല എന്നാണ് ഈ മേഖലയിലെ പഠനങ്ങൾ പറയുന്നത്. നല്ലതുപോലെ കഴുകിയാൽ പോലും താടിയിൽ ബാക്ടീരിയകളുടെ സാന്നിധ്യം നിലനിൽക്കുമെന്നാണ് പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളത്. നായയുടെ രോമങ്ങളിൽ കാണപ്പെടുന്നതിനെക്കാൾ കൂടുതൽ സൂക്ഷ്മാണുക്കൾ മിക്ക പുരുഷന്മാരുടെയും താടിയിൽ കടന്നുകൂടിയിട്ടുണ്ടെന്നാണ് മറ്റൊരു പഠനം ചൂണ്ടികാട്ടുന്നത്. അതിൽ ശരീരത്തിന് ദോഷകരമാക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം വളരെ കൂടുതലാണെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
എന്നാൽ, താടിക്കാർക്ക് ആശ്വാസം നൽകുന്ന ചില പഠനറിപ്പോർട്ടുകളും താടിയുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുണ്ട്. ഇത്രയേറെ പ്രശ്നങ്ങൾ താടിക്കില്ലെന്നാണ് ഈ റിപ്പോർട്ടുകൾ പറയുന്നത്. താടിയുള്ളവരുടെയും ഇല്ലാത്തവരുടെയും മുഖത്തുള്ള ബാക്ടീരിയ സാന്നിധ്യത്തിൽ കാര്യമായ വ്യത്യാസമൊന്നുമില്ലത്രെ. എന്തൊയാലും താടി നല്ലതുപോലെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. അത് എങ്ങനെ വേണമെന്ന് കൂടി നമുക്കൊന്ന് നോക്കാം..
താടിയും മുഖവും ദിവസവും കഴുകി വൃത്തിയാക്കുക എന്നതാണ് ബാക്ടീരിയകളെ ഒഴിവാക്കാനുള്ള പ്രതിവിധിയെന്ന് വിദഗ്ധർ വ്യക്തമാക്കുന്നത്. അഴുക്ക്, എണ്ണകൾ, മൃതകോശങ്ങൾ എന്നിവ നീക്കം ചെയ്യാനും സൂക്ഷ്മജീവികളുടെ വളർച്ച തടയാനും സഹായിക്കും. താടി വല്ലാതെ വരണ്ടുണങ്ങുന്നത് തടയാൻ മോയ്‌സ്ചറൈസിംഗ് ചെയ്യുക. ചീപ്പുപയോഗിച്ച് താടിയിൽ അടിഞ്ഞുകൂടുന്ന അഴുക്കും പൊടിയും നീക്കം ചെയ്യാം. നിങ്ങൾ അതിനെ എത്ര നന്നായി പരിപാലിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ താടിയുടെ ആരോഗ്യം എന്ന കാര്യം എപ്പോഴും ഓർമ്മിക്കണം. ദൈനംദിന ശുചിത്വവും ശരിയായ പരിചരണവുമുണ്ടെങ്കിൽ താടിക്ക് അപകടസാധ്യത കുറവാണ്. മാത്രമല്ല, നമ്മൾ കരുതിയിരുന്നതിനേക്കാൾ ആരോഗ്യവും അഴകും താടിക്കുണ്ടാകുകയും ചെയ്യും.











